കൊച്ചി: സംസ്ഥാനത്തു വേനൽ മഴ കുറഞ്ഞതോടെ അത്യുഷ്ണം തുടരും. മാർച്ച് മുതൽ ഏപ്രിൽ 18 വരെ കിട്ടേണ്ട വേനൽ മഴയിൽ വലിയ കുറവുണ്ടായതാണ് ചൂട് കൂടുന്നതിനുള്ള പ്രധാന കാരണമെന്നു കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലും വേനൽ മഴ കാര്യമായി ലഭിക്കില്ല.
രാത്രി സമയങ്ങളിൽ ചൂട് വർധിക്കും. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷസ് വരെ അന്തരീക്ഷ താപനില ഉയരുന്നുണ്ടെന്നും ഡോ. മനോജ് പറഞ്ഞു.
ചൂട് കൂടാനുള്ള കാരണങ്ങൾ
- ഏപ്രിലിൽ സൂര്യൻ ഉച്ചസ്ഥായിയിലായതിനാൽ തീവ്രത കുറയാതെയാണ് സൂര്യരശ്മികൾ താഴേക്കു പതിക്കുന്നത്.
- സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോതിലുള്ള വർധന
- വലിയൊരു ഭാഗം തീരപ്രദേശമായ സംസ്ഥാനത്ത് ഉച്ചയാകാറാകുമ്പോൾ ഉണ്ടാകുന്ന കടൽക്കാറ്റിൽ ഈർപ്പം കൂടുതലായിരിക്കും. അന്തരീക്ഷ ഈർപ്പം കൂടിയാൽ നീരാവിയിൽ ലീനതാപമുണ്ടാകും. ഇതു ശരീരത്തിലേക്ക് അടിക്കുമ്പോൾ ചൂട് കൂടും
- പസഫിക് സമുദ്രത്തിലെ കാലാവസ്ഥയെയും മണ്‍സൂണിനെയും സ്വാധീനിക്കുന്ന എല്‍നിനോ പ്രതിഭാസം ന്യൂട്രലായ അവസ്ഥയില്‍ തുടരുന്നത്.
- മധ്യേന്ത്യ മുതൽ തെക്കേ ഇന്ത്യ വരെ രണ്ടു മുതൽ അഞ്ചു കിലോമീറ്റർ ഉയരത്തിൽ ഘടികാര ദിശയിൽ മേലെനിന്ന് താഴോട്ടാണ് വായു കറങ്ങുന്നത്. ഇത് ചൂട് വർധിപ്പിക്കും
- നഗര പ്രദേശങ്ങളിൽ കോൺക്രീറ്റ്, ടാർ റോഡുകളുടെ വിസ്തൃതി വർധിക്കുകയും സ്വാഭാവിക വനങ്ങൾ നഷ്ടപ്പെടുകയും ചെയ്തതോടെ അന്തരീക്ഷത്തിൽ കൂടുതൽ ചൂട് തങ്ങിനിൽക്കുന്നു.